അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാൻ

അകലങ്ങളിലേക്ക് ഒഴുകുന്ന
പുഴ പോലെ , ഒരു ദിനം
നീ കാണെക്കാണെ
ഒഴുകിയകന്നു.
പിന്നിട്ട ഭൂമി ഉണങ്ങി
വറ്റ് വരണ്ടു.
ഒരേ പുഴയെ രണ്ടു
തവണ കാണാനാവാത്ത പോലെ
നിന്നെ പിന്നെ കണ്ടതേയില്ല.
അവശേഷിച്ചത് ഓർമയിലെ
കളകളാരവം മാത്രം.
പുഴയവശേഷിപ്പിച്ച
ഉരുളൻ കല്ലുകൾ
ചെവിയിലടുപ്പിച്ചാൽ ഒരു
ഹുങ്കാരം മാത്രം.
ഇത് വഴി ഒരു പുഴ
പണ്ടൊഴുകിയിരുന്നു എന്നത്
ഓർപ്പിക്കും പോലെ.
പുഴയെ കാണാതെ
മിഴികൾ പുഴയായി മാറി.
പിന്നെ മിഴിയും വരണ്ടു.
നീർച്ചാലുകൾ ഹൃദയത്തിലേക്കിറങ്ങി
ഒഴുകിക്കൊണ്ടേയിരിക്കുന്നു.
ഉള്ളിലെ ഈ ഒഴുക്ക്
വേദനിപ്പിക്കുന്നതാണ് ഒരുപാട്.
പക്ഷെ എനിക്കിഷ്ടമാണത്,
എന്ത് കൊണ്ടോ.
പുഴയുള്ളിലുണ്ടല്ലോ എന്ന
ഇഷ്ടം.
അതിനി വറ്റണമെങ്കിൽ,
ജീവൻ കൂടെ ഒഴുകി
പോകണം പുഴക്ക് മുന്നേ.

അകേലേക്കൊഴുകുന്ന
അകേലേക്കൊഴുകുന്നComments