സ്നേഹം

സ്നേഹിക്കുക എന്ന് പറയുന്നത് ഒരു അനുഭവമാണ് .അതിൽ അവനവൻ ഇല്ലാതാവും . ഞാൻ ,എന്റെ എന്ന പ്രത്യേകതകൾ ഇല്ലാതാവും.എനിക്ക് തിരികെ കിട്ടുന്നുണ്ടോ എന്ന ചിന്ത തന്നെയില്ലാതാവും. പക്ഷെ ഉള്ളിനെ അതു മുറിവേൽപ്പിക്കുകയും ചെയ്യും. വസ്തുക്കളെ സ്നേഹിക്കുന്നത് പോലെയല്ല വ്യക്തികളെ സ്നേഹിക്കുന്നത്. എനിക്കിഷ്ടമുള്ള കാർ എന്ന് പറയുന്നത് പോലെയല്ല ഞാൻ സ്നേഹിക്കുന്ന എന്റെ കുട്ടി എന്ന് പറയുന്നത്. സ്നേഹിക്കുന്നവന് മറ്റെയാൾ തിരിച്ചു സ്നേഹിക്കുന്നുണ്ടോ, ഇല്ലയോ എന്നത് ഒരു വിഷയമേ അല്ല ,കാരണം സ്നേഹിക്കുന്നവന് സ്നേഹിക്കാൻ മാത്രമേ കഴിയൂ.അത് ഹൃദയത്തിനുള്ളിൽ ഉള്ളതാണ് .പ്രത്യേകിച്ച് പരിശ്രമങ്ങളുടെ ആവശ്യമേയില്ല, അത് അവന്റെ സ്വാഭാവികമായ ഒരു സവിശേഷത മാത്രമാണ്.

ഞാൻ ഭാഗ്യവാനാണ് ഒരർത്ഥത്തിൽ, കാരണം എനിക്ക് സ്നേഹിക്കാൻ പറ്റി നിന്നെ , എന്റെ മനസ്സിന്റെ ആഴങ്ങളിൽ പിരിയാത്ത സാന്നിദ്ധ്യമായി നീ ഉണ്ടെന്നുള്ളത് എനിക്ക് സത്യത്തിൽ ഭയത്തോടൊപ്പം സന്തോഷവും നൽകുന്നു; കാരണം എന്റെ സ്നേഹം സത്യമായിരുന്നു. ഇങ്ങനെ സ്നേഹിക്കാൻ പറ്റുന്നതിൽ എനിക്ക് സത്യത്തിൽ അഭിമാനമാണ് ഉള്ളത്. എത്രയോ,എത്രയോ വർഷങ്ങളായി ഞാൻ കണ്ടിട്ടു , പക്ഷെ സ്നേഹത്തിന്റെ ആഴം കൂടിയിട്ടേ ഉള്ളു; അതൊരിക്കലും കുറഞ്ഞു പോയിട്ടില്ല . സ്വന്തം സ്നേഹം സത്യമായിരുന്നു, സത്യമാണ് എന്ന് മനസ്സിലാക്കുന്നത് എത്ര അഭിമാനമാണ്. ഞാൻ എന്നെ തന്നെ അഭിനന്ദിക്കുന്നു  :) കിടക്കട്ടെ ഒരു കുതിരപ്പവൻ. പുതിയ തലമുറയേ പോലെ സ്വയം പരിഹസിക്കുന്നതും ഒരു സുഖമാണ് .

സജാത ഇരട്ടകൾ തമ്മിൽ ഒരു അദൃശ്യമായ നാഡീ ബന്ധം ഉള്ളതായി വായിച്ചിട്ടുണ്ട് . ഒന്നും പറഞ്ഞു മനസ്സിലാക്കേണ്ട ആവശ്യമില്ല, തനിയെ മനസിലാവും. അങ്ങനെയൊരു ബന്ധം ആയിരുന്നു നമ്മുടേത്. പക്ഷെ ഇപ്പോൾ എന്റെ മനസ്സ് നീ അറിയുന്നുണ്ടോ എന്ന ചിന്തയേ എനിക്കില്ല , എന്നെ മനസ്സിലാകുന്നുണ്ടാവുമോ എന്ന പരിഭവം കലർന്ന ഭയവും എനിക്കില്ല. എത്രയോ അകലങ്ങളിൽ നീ ഇപ്പോൾ ഉറങ്ങിക്കൊണ്ടിരിക്കുകയാണ് , ഞാൻ ഈ വെയിലിനെ നോക്കി ഇത് എഴുതികൊണ്ടിരിക്കുമ്പോൾ. എനിക്ക് നിന്നെ കാണാൻ കൂടി കഴിയുന്നുണ്ട്,അടഞ്ഞ കണ്ണുകളും, മുഖവും. ഉറങ്ങിക്കോളൂ സൗഖ്യമായിട്ടു.ഇപ്പോൾ പുറത്തേക്കു നോക്കുമ്പോൾ ഒരു ഒറ്റ മൈന മുറ്റത്തെ പുല്ലിൽ ഇരിക്കുന്നത് തികച്ചും യാദൃശ്ചികമായ ഒന്നായെ ഞാൻ കരുതുന്നുള്ളു.പ്രണയ തകർച്ചയുടെ പേരിൽ ഏറ്റവും പഴി കേട്ടിട്ടുള്ളത് പാവം ഒറ്റ മൈനയാണ് .മൈന എന്ന പക്ഷി വളരെ പുരാതനനാണ് , ചാൾസ് ഡാർവിന്റെ സഞ്ചാരത്തിൽ ലോകത്തു പലയിടങ്ങളിലായി മൈനകളെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട് .മൈന സാധാരണയായി ഇണയോടൊപ്പം മാത്രമേ നടക്കു , ഇവൻ പക്ഷെ ഒറ്റക്കാണ് അവന്റെ കൂട്ടുകാരിക്കു എന്ത് പറ്റിയോ ആവോ. മിനിഞ്ഞാന്നു രാത്രി മുഴുവൻ 120 കിലോമീറ്റര് വേഗതയിലടിച്ചു കൊണ്ടിരിക്കുന്ന കാറ്റായിരുന്നു ,ഇനി അതിലോ മറ്റോ ?

സ്നേഹത്തെ നിർവ്വചിക്കാൻ ആണ് എല്ലാർക്കും തിടുക്കം. എന്റെ ഏട്ടനെ പോലെയാണ്, എന്റെ അനിയത്തികുട്ടിയെ പോലെയാണ് അങ്ങനെ ,അങ്ങനെ. എന്തിനാണ് മനുഷ്യർ സ്നേഹത്തെ ഇങ്ങനെ ഭയക്കുന്നത്. ഏതെങ്കിലും ഒരു കള്ളിയിൽ, ചതുരത്തിന്റെ, വട്ടത്തിലോ ഉള്ള കളങ്ങളിൽ നിർവ്വചിച്ചു കഴിഞ്ഞിട്ടേ ആളുകൾക്ക് സമാധാനം ഉള്ളു . സ്നേഹം എന്ന് പറയുന്നത്, ഒന്നുകിൽ ഉണ്ട് അല്ലെങ്കിൽ ഇല്ല എന്നുള്ള രണ്ടേ രണ്ടു അവസ്ഥകൾ മാത്രമേ ഉള്ളു അതിനു.അല്ലാതെ സാമൂഹിക ശാസ്ത്രഞ്ജർ പറയുന്നത് പോലെ കറുപ്പിനും വെളുപ്പിനും ഇടയിൽ ചാര നിറത്തിന്റെ പല ഷേഡുകൾ ഉള്ളതല്ല സ്നേഹം. സ്നേഹം ഉണ്ടെങ്കിൽ അതുണ്ട് ,അത്ര തന്നെ അല്ലാതെ ഒരു നിർവചങ്ങളിലും അത് ഒതുങ്ങി നിൽക്കില്ല, കാരണം സ്നേഹം ഒരു സർവ തന്ത്ര സ്വതന്ത്രമായ ഭാവമാണ് ,അതിനെ തളച്ചിടാനോ പറഞ്ഞു നിർവചിക്കാനോ കഴിയില്ല . പക്ഷെ അത് അറിയണമെങ്കിൽ സത്യമായി സ്നേഹിക്കണം , യാതൊരു വിധ നിബന്ധനകളും ഇല്ലാതെ. എങ്കിലേ അത് നിഷ്കളങ്കമായി മനസിലാക്കാൻ കഴിയൂ . അല്ലെങ്കിൽ സ്നേഹിച്ചു പക്ഷെ സ്വന്തമാക്കാൻ കഴിയാതെ മറ്റൊരു വിവാഹത്തിലേക്ക് പോയ കുട്ടിയെ കുറിച്ച് അന്വേഷിച്ചാൽ ,അവളുടെ ഫോൺ നമ്പർ തിരക്കിയാൽ അടുത്ത സുഹൃത്തുക്കൾ പോലും പുരികം ചുളിക്കും , ഒരു പക്ഷെ അത് സദാചാര ബോധമാകാം, അവരുടെ. ഒന്നും പറയാനില്ല അവരോടും.

ക്രിസ്തുവിനും 500ൽ പരം വർഷങ്ങൾ മുന്ന് ജീവിച്ചിരുന്ന ഹെരാക്ലിറ്റസിന്റെ വാക്കുകൾ, "ഒരു മനുഷ്യന് രണ്ടു തവണ ഒരേ പുഴയിൽ ഇറങ്ങുവാൻ കഴിയില്ല , കാരണം പുഴയും ,മനുഷ്യനും ഇപ്പോൾ പഴയ പുഴയും പഴയ മനുഷ്യനും അല്ല". പുഴ ഒരു അനുസ്യൂതമായ ഒഴുക്കാണ് എങ്ങും തടഞ്ഞു നിക്കലുകളില്ല. ഒഴുക്കിന്റെ തോത് മാറിയും,കുറഞ്ഞും ഇരിക്കും , മാറ്റങ്ങൾ ആണ് പുഴ . മനുഷ്യരും അങ്ങനെയാണ് , മാറിക്കൊണ്ടേയിരിക്കും പുതിയ പുതിയ നടനങ്ങൾ അനേകം വേഷങ്ങൾ. ഓരോ വേഷങ്ങളും എല്ലാവരും കെട്ടിയാടിക്കൊണ്ടിരിക്കയാണല്ലോ .അതാണ് ജീവിതം. നീയും മാറിക്കാണും ,തികച്ചും സ്വാഭാവികം . ഞാനും മാറി ഒരു പാട് അനുഭവങ്ങൾ,ഒരു പാട് വേഷങ്ങൾ ,പ്രതിസന്ധികൾ , നേട്ടങ്ങൾ ,നഷ്ടങ്ങളും .പക്ഷെ ഈ മാറ്റങ്ങൾക്കുള്ളിലും നഷ്ടമാകാതെ എനിക്കുള്ളത് നിന്നോടുള്ള സ്നേഹമാണ് , അതിങ്ങനെ ഹൃദയത്തിനുള്ളിൽ തന്നെയുണ്ട് ,ഞാൻ ഭാഗ്യവാനാണ് . എനിക്ക് നിന്നോട് നന്ദിയുണ്ട് ,എന്നെ സ്നേഹിച്ചതിനു , എന്റെ ഉള്ളിൽ സ്നേഹം നിറച്ചതിനു ഒക്കെ.

കാണുന്നവന്റെ കണ്ണിലാണ് മൂല്യം. നിങ്ങളുടെ മുത്തുകളെ നായ്ക്കൾക്കു ഇട്ടു കൊടുക്കരുത് എന്നാണ് ക്രിസ്തു പറഞ്ഞത് . നായ്ക്കൾക്കു എന്ത് മുത്ത് എന്ത് വൈഡൂര്യം അതെല്ലാം അവയ്ക്കു കല്ലുകൾ മാത്രമാണ് . മുത്തിന്റെ വില നമ്മൾ കൊടുക്കുന്നതാണ് ,നമ്മൾ മതിക്കുന്നതാണ് .ഷേക്‌സ്‌പെയർ പറഞ്ഞത് കാണുന്നവന്റെ കണ്ണിലാണ് സൗന്ദര്യം എന്നാണ് . അപ്പോൾ മൂല്യം എന്ന് പറയുന്നത് നമ്മൾ കൊടുക്കുന്നതാണ് അല്ലാതെ പണ്ടേക്കു പണ്ടേ അതിന്റെ വില അങ്ങനെയായിരുന്നു എന്നുള്ളതല്ല. എനിക്കിപ്പോൾ മുഴുത്ത അസൂയ ആരോടാണെന്നു അറിയുമോ ,അത് സത്യത്തിൽ വലിയ തമാശയാണ് . അത് നമ്മുടെ പഴയ പൊതു സുഹൃത്തിനോടാണ് ,അവനു നിന്നെ ഫോണിൽ വിളിക്കാം ,സംസാരിക്കാം. നിങ്ങൾക്ക് ഒരുമിച്ചു അടുത്ത വേറൊരു സുഹൃത്തിന്റെ വീട് പാലു കാച്ചൽ ചടങ്ങിന് പോകാം. അവനു ഇത് വലിയ കാര്യം ഒരിക്കലും ആയിരിക്കില്ല , കാരണം നീ അവന്റെ ഒരു സുഹൃത്ത് മാത്രമാണ് .പക്ഷെ എന്നെ സംബന്ധിച്ച് നീ എത്രയോ എത്രയോ മുകളിലാണ് എന്റെ മനസ്സിൽ , ഒരു രാജകുമാരിയേക്കാൾ ഒരു താരത്തെക്കാൾ ഒക്കെ ഉയരെ , ഇങ്ങനെ വർണിക്കേണ്ട കാര്യമില്ല , നീ എന്റെ ജീവനാണ് അത്ര തന്നെ . ജീവനേക്കാൾ മൂല്യമുള്ള മറ്റൊന്നുമില്ലല്ലോ . അപ്പോൾ പറഞ്ഞു വന്നത് എനിക്ക് അസൂയ ഉണ്ട് എന്നതാണ് ,അതെന്റെ ഉള്ളിലെ കുട്ടിക്ക് തോന്നുന്നതാണ്. നിന്നെ കണ്ടില്ലെങ്കിലും, സംസാരിച്ചില്ലെങ്കിലും ,സ്വന്തമാക്കിയില്ലെങ്കിലും എനിക്ക് നിന്നോട് സ്നേഹമാണ് . ഈ കാണുന്ന ലോകം അതെന്റേതു കൂടിയല്ലേ? അപ്പോൾ അതിന്റെ ഒരു കോണിൽ ജീവിക്കുന്ന നീയും എന്റേത് തന്നെ. സ്വതന്ത്രമായി ജീവിക്കാൻ വിടുന്നതല്ലേ സ്നേഹം ,അല്ലാതെ നിബന്ധനകൾ വെച്ച് സ്വന്തമാക്കൽ അല്ലല്ലോ. ഞാൻ ഒരിക്കലും ഒരു വെല്ലുവിളിയെ അല്ല നിന്റെ സ്വച്ഛന്ദ ജീവിതത്തിനു. വഴിയിലെ മുള്ളായി മാറുന്നതാണ് ഞാൻ ഏറ്റവും വെറുക്കുന്നത് അതിലും എത്രയോ നല്ലതാണു ശ്രദ്ധ കിട്ടാതെ വേലിക്കൽ നിൽക്കുന്ന പാഴ്ച്ചെടിയായി നിൽക്കുന്നത് . എനിക്ക് നിന്നെ സ്നേഹിക്കാൻ ഒന്നുമാവേണ്ട , ഒന്നും തിരികെയും വേണ്ട ആ അനുഭവം എത്ര സുന്ദരമാണ് എന്ന് അറിയുമോ ? അനുഭവിച്ചു തന്നെ അറിയണം.

ക്രിസ്തു ശിഷ്യ ഗണത്തിൽ; യേശുവിന്റെ മരണ ശേഷം ചേർന്ന പോൾ , കൊരിന്ത്യർക്കു എഴുതിയ ലേഖനത്തിൽ ഇങ്ങനെ പറയുന്നു "സ്നേഹം ദീർഘമായി ക്ഷമിക്കുകയും ദയ കാണിക്കുകയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല. സ്നേഹം നിഗളിക്കുന്നില്ല. അയോഗ്യമായി നടക്കുന്നില്ല സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല .അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു. എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു. സ്നേഹം ഒരു നാളും ഉതിർന്നു പോകയില്ല." എത്ര സത്യമായ വാക്കുകൾ ഇത് അനുഭവിച്ചു മനസിലാക്കാൻ കഴിഞ്ഞതിനു നന്ദി മാത്രമേ പറയുവാനുള്ളു,സ്നേഹം ഒരു നാളും ഉതിർന്നു പോകയില്ല.
സ്നേഹം.
സ്നേഹം
സ്നേഹംComments