തനിച്ചിരിക്കുമ്പോൾ

തനിച്ചിരിക്കുമ്പോളാണ് ശബ്ദങ്ങളെ
കേൾക്കുന്നത്
ഉള്ളിലെയും ,പുറത്തെയും.
ഉള്ളിലെ വിളികൾ;
ഒരു കാലത്തെയൊട്ടാകെ
ഓർമിപ്പിക്കും.
ഉള്ളിലെ ശബ്ദത്തിന്റെ
കൂടെ സഞ്ചരിക്കുമ്പോൾ
ദൂരം പിന്നിടുന്നത് അറിയാറേയില്ല.
അത്രക്കും നമ്മൾ പറഞ്ഞിട്ടുണ്ടല്ലോ
പരസ്പരം.
എത്രയോ കാലത്തേക്ക്
ഓര്മിക്കാനുള്ളത്.
ഈയടുത്ത നാൾ വരെ
അങ്ങനെ സഞ്ചാരമില്ലാരുന്നു.
ഇടയ്ക്കു തുറക്കും ,ഒന്നു കാണും
വീണ്ടും നടക്കും. 
ഒരുപാടുണ്ടായിരുന്നു ചെയ്യുവാൻ.
അറിഞ്ഞു കൊണ്ട് ചോദിച്ചു
വാങ്ങുന്ന ജോലി ഭാരം.
ഓഫീസിനെ വീടാക്കുമ്പോൾ,
ജോലിയെ പ്രണയിക്കുമ്പോൾ,
ഉള്ളിലെ വിളികളെ
അവഗണിക്കാൻ കുറേക്കൂടെ
എളുപ്പമായിരുന്നു.
താമസിച്ചിറങ്ങുന്ന രാത്രികൾ.
പല നേരത്തെ കോൺഫറൻസ്
കോളുകൾ.
മറ്റൊന്നും കേൾക്കാൻ
സമയമില്ലാരുന്നു.
നല്ലൊരു വിദ്യയായിരുന്നു അത്.
മനസ്സിന്റെ കലമ്പലുകളില്ലാതെ
ഉറങ്ങാം ,ഉണർന്നാൽ
ഒരുപാടുണ്ടാവും ചെയ്തു തീർക്കാൻ.
ഇരിക്കാനും, ഓർക്കാനും
ഇടമേ ഉണ്ടാവില്ല.
അല്ലെങ്കിൽ ഇടയാക്കിയില്ല.
ഇപ്പോൾ തനിച്ചിരിക്കുമ്പോഴാണ്
ഇതെല്ലാം ഒരിരമ്പത്തോടെ
ആർത്തലച്ചു ഉള്ളിലേക്ക് വീഴുന്നത്.
ഭയന്നു പോയി ശരിക്കും
ഉള്ളിലുള്ളതെല്ലാം കണ്ടിട്ടും ,കേട്ടിട്ടും.
കാണാതെ നടന്നിട്ടും ,കാഴ്ചകൾ ,കണ്ണുകൾ
കൂടെത്തന്നെയുണ്ടാരുന്നു.
മനസ്സിനെ പേടിക്കേണ്ടിയിരിക്കുന്നു.
മനസ്സിലാക്കാനേ കഴിയാത്ത
അസ്തിത്വമാണ് മനസ്സ് .
ഞാൻ ഓർക്കാറുണ്ട്
നിന്റെ അടുത്തിരിക്കുന്ന പോലെ
ഞാൻ ദൈവത്തോട് ചേർന്നിരുന്നാൽ
എന്നേ ജീവിതത്തേക്കാൾ
ഉയരാൻ പറ്റിയേനെ.
കണ്ണുകളടച്ചു നിന്നെ അനായാസം
കാണുന്ന പോലെ
ദൈവമേ നിന്നെ കാണാൻ
പറ്റാത്തതെന്തേ?
ദൈവമേ ,നീയെന്നേ
തള്ളിക്കളഞ്ഞിരിക്കുകയാണോ?
എത്രയോ തവണ ചോദിച്ച
ചോദ്യമാണ് ,പല പ്രായത്തിൽ.
എനിക്ക് വേണ്ടതിപ്പോൾ
ഉയരങ്ങളിൽ നിന്നുള്ള
ജ്ഞാനമാണ് .
ബുദ്ധിയുടെ കൗശലങ്ങളെ
വെല്ലുന്ന ജ്ഞാനം.
എനിക്കറിയില്ല ഒന്നും
ജീവൻ ,ജന്മം ,മരണം ,പുനർജ്ജന്മം ?
ഒന്നുമറിയില്ല.
ഞാൻ സ്നേഹിച്ച കാഴ്ചയെപ്പോലെ
ദൈവമേ നിന്നെ കാണാൻ
കൂടെ കഴിഞ്ഞിട്ടില്ല.
കണ്ണടച്ച് കാതോർത്താൽ
കേൾക്കുന്ന സ്നേഹത്തിന്റെ
വാക്കുകളെ പോലെ
ദൈവമേ എനിക്ക് നിന്നെ
കേൾക്കാൻ കഴിഞ്ഞിട്ടില്ല.
പുണരാന് ആഗ്രഹിക്കുന്നതിനെ
അകറ്റി മറ്റു പലതും
കരങ്ങളിലേൽപ്പിക്കുന്നതാരാണ് ?
നെഞ്ചോടു ചേർത്ത് പിടിച്ചതിനെ
പറിച്ചെടുത്തു പകരം
പുതിയ ആത്മാക്കളെ കാക്കുവാൻ
കരുതുവാൻ, സ്നേഹിക്കുവാൻ
ഏൽപ്പിക്കുന്നതാരാണ്?
എന്നെ ദൈവമേ നീയൊരു
കാവൽക്കാരനായാണോ കാണുന്നത്?
നിനക്ക് പ്രിയപെട്ടവരുടെ
കാവൽക്കാരൻ.
നിനക്ക് കരുതേണ്ടവരെ
നീയെന്നെ ഏല്പിച്ചിരിക്കയാണോ?
നീ ആഗ്രഹിക്കുന്ന പോലെ തന്നെ
ഞാൻ ഉറങ്ങാതെ കാവലിനുണ്ട്.
ഉറങ്ങാതെ ,തെല്ലും.
കാവൽ നിൽക്കുമ്പോൾ
ഉറങ്ങാൻ പാടില്ലല്ലോ.
എന്റെ മനസ്സിനും ഞാൻ
കാവൽ നിൽക്കെയാണ്.
ചിന്തകൾ പുറത്തേക്കു ചാടാതെ.
ഓർമ്മകൾ ഒരു
കണ്ണുനീർ ചിന്തായി
മിഴികളിൽ അടരാതെ.
അടക്കിപ്പിടിച്ച തേങ്ങലുകൾ
ഒരു ഗദ്ഗദമായിപോലും
പുറത്തേക്കു വരാതെ.
ചുണ്ടുകൾ വിറക്കാതെ
ഒരു ചിരി എപ്പോഴുമണിഞ്ഞു
കാവൽ നിൽക്കയാണ്.
ചിരിക്കുന്നവർ
ഉള്ളിൽ കരയുന്നവരാണ്.
ഓരോ പുഞ്ചിരിയിലും
ഓരോ കരച്ചിലിനെ തടുക്കുന്നവർ.
എന്നെ ബഹുമാനിക്കുന്നതാണ്
എനിക്കേറ്റം വിഷമം.
ലോകത്തിന്റെ ബഹുമാനം
കാണുമ്പോൾ ഓടിയകലുകയാണ്
പതിവ് , കാരണം ഉള്ളിൽ
ഞാൻ എന്നെ വക വെച്ചിട്ടില്ല.
ഞാൻ എന്നെ കാണുന്നതേയില്ല.
നീ തഴഞ്ഞ അന്ന് തന്നെ
ഞാൻ എന്നെയും ഉപേക്ഷിച്ചു.
പിന്നെ വില തോന്നീട്ടില്ല.
വിലയില്ലാത്തതിനെയല്ലേ
ആളുകൾ വഴിയിൽ കളയുകയുള്ളു.
നീ വഴിയിൽ കളഞ്ഞ
എന്നെ ആരും ബഹുമാനിക്കുന്നത്
എനിക്ക് ഇഷ്ടമല്ല.
അതിനു നിന്ന് കൊടുക്കന്നതും
ഇഷ്ടമില്ല.
വഴിയിൽ കളഞ്ഞ എല്ലാത്തിനോടും
എല്ലാവരോടും സ്‌നേഹമാണ്.
കാരണം ഉപേക്ഷിക്കപ്പെട്ട
ഓരോരുവരുടെയും മനസ്സെനിക്കു
വായിക്കാം എന്റെ മനസ്സ് പോലെ.
അവരുടെ കണ്ണുകളിലെ
നിരാശ , ആഴങ്ങളിലെ
വേദന ഇതൊക്കെ
പറയാതെയറിയാം.
തോളിലൊന്ന് തട്ടുമ്പോൾ
പറയാതെ പറയാൻ
കഴിയും എനിക്കറിയാമെല്ലെന്നു.
സ്വയം വില കൊടുക്കാത്തത്
കൊണ്ട് പ്രയോജനവുമുണ്ട്.
അപമാനങ്ങൾ ഏശാറില്ല.
സമ്മർദങ്ങളും ഒറ്റപെടുത്തലുകളും
എന്തിനു ചീത്തവിളികൾ പോലും
ഏൽക്കാറില്ല , ഇതിൽ
കൂടുതൽ എന്ത് മുറിവേൽക്കാൻ.
ഇതിൽ കൂടുതൽ എത്ര
വേദനിപ്പിക്കാൻ.
അതിനി ആർക്കും സാധ്യമല്ല,
എന്റെയടുത്തു.
കാവൽക്കാരൻ ഉറങ്ങാൻ
പാടില്ല , വേദനിക്കുവാനും.
കാവൽ ചെയ്യേണ്ടതിനെ
വിട്ടു ഓടിപ്പോവാനും പാടില്ല.
വരുന്നവരും പോകുന്നവരും
കയർത്താലും ജോലിയെന്തെന്നുള്ളത്
മറക്കാനും പാടില്ല.
സൗമ്യത വിടരുത് ,ചിരിക്കാൻ
മറക്കരുത് ,നന്ദി
പറയുന്നത് കാത്തു നിക്കരുത്.
കാവൽ തുടരുക.
ഞാൻ കാവൽ നിൽക്കുമ്പോൾ
ദൈവമേ നീയെനിക്കു കാവൽ
നിൽക്കയാണോ ?
എനിക്ക് വേണ്ടതിപ്പോൾ
ഉയരങ്ങളിൽ നിന്നുള്ള
ജ്ഞാനമാണ് .
ബുദ്ധിയുടെ കൗശലങ്ങളെ
വെല്ലുന്ന ജ്ഞാനം.

തനിച്ചിരിക്കുമ്പോൾ
തനിച്ചിരിക്കുമ്പോൾ

Comments